https://malayalam.indianexpress.com/literature/sthavaram-poem-kanni-m/

 സ്ഥാവരം
- കന്നി എം
…………………………….
ഒരു മരം
അതില്‍ കയറുന്നവയ്ക്ക് വഴങ്ങിക്കൊടുക്കുന്നതെന്തിന്

ആകാശത്ത് ചില്ലകളാല്‍ അളന്നെടുക്കുന്ന നീലയിലേക്കാവും
മരത്തില്‍ കയറുന്നവന്റെ ഭയമാര്‍ന്ന കിതപ്പ് ചെന്ന് പതിക്കുക
നീണ്ടുവിരിഞ്ഞ്, പല ദൂരത്തേക്ക് പറന്ന കിളികളെ അന്വേഷിച്ചുപോയ
ഒരമ്മയായിരുന്നിരിക്കും മരം

തൊലിയും കടന്ന് ജലഭാരമോടുന്ന നേര്‍ത്ത നാരുകളും കടന്ന്
മരംകൊത്തിയുടെ ഉമ്മവെക്കല്‍,
പൂച്ചമാന്തല്‍, കുരങ്ങന്റെ ഊഞ്ഞാലാട്ടം,
പുഴുക്കളുടെ പരുങ്ങല്‍, കിളിക്കൂടിന്റെ കമ്പിന്‍കൂര്‍പ്പ്,
ചീറ്റപ്പുലിയുടെ ഉറക്കം

അനാസക്തിയുടെ കടുംവെള്ള പൂക്കളെന്നപോലെ
മഞ്ഞ് ആഞ്ഞാഞ്ഞ് പൂക്കാറുണ്ട്
മറ്റേതോ ഭാഷ പറയുന്ന കാറ്റ്
അലഞ്ഞുതളര്‍ന്ന പരാഗരേണുക്കള്‍
അതാര്യമായ സ്വപ്‌നങ്ങളുടെ ശവകുടീരം മേയാന്‍ ശേഖരിച്ചുവെക്കാവുന്ന ഈയലിന്റെ ചിറകുകള്‍
നിഴലൊപ്പമുള്ളതിനാല്‍ മാത്രം സാന്നിധ്യത്തിന്റെ ഭാരം തിരിച്ചറിയുന്ന അപ്പൂപ്പന്‍താടി
ഇലയിലൂടെ കടന്ന് ആയിരം പച്ചകളായി മയിലാട്ടം നടത്തുന്ന വെയില്‍
അരമതില്‍ ചാടി അങ്ങേ വീട്ടിലെ ഉമ്മറം അടിച്ചുവാരിക്കൊടുക്കാറുണ്ട്
എന്നിങ്ങനെ കാലം

ഇലകളുടെ തെയ് തെയ് കളിക്കൊപ്പം ചില്ലകള്‍ പാട്ട് പാടാറുണ്ട്
ഏത് മരവും പാടുന്നുണ്ടാവും
അതിന്റെ ശബ്ദമേറ്റി നടക്കുന്നത് കിളികളാണെന്ന് മാത്രം

ഒരു മരം എന്തിനിത്രയ്ക്ക് വഴങ്ങിക്കൊടുക്കുന്നു

തണലും ഉടലും പൊത്തുകളും
ഭൂമിയിലേക്ക് കുടഞ്ഞിട്ട്
ഒരു മരം എഴുന്നേറ്റുപോവുന്നുവെന്ന് സ്വപ്‌നം കാണുന്നു.
രാത്രിക്ക് രാത്രി ആ സ്വപ്‌നത്തെയും അവര്‍ കണ്ടുകെട്ടുന്നു.
…………………….
ഐഇ മലയാളം ഓണ്‍ലൈന്‍, 2018 ജൂലൈ 30

Popular Posts