അനിമേറ്ററുടെ പൂച്ച

-കന്നി എം
.................
എലിവാല് പോലെ കറുത്ത ഗ്രാഫൈറ്റ് ലെഡുള്ള
അനിമേറ്ററുടെ പെന്‍സില്‍
മേശയില്‍ നിന്നൂര്‍ന്ന് നിലത്തുവീഴുന്ന ശബ്ദം കേള്‍ക്കുമ്പോള്‍
പൂച്ചകള്‍ ഓടിപ്പാഞ്ഞുവന്ന് അതിനെ
മണത്തും നക്കിയും ഉരുട്ടിക്കളിച്ചുതുടങ്ങും.

അവ നാലുപേരുണ്ട്
അനിമേറ്ററുടെ കരളും കണ്ണുമാണ്.

കറുത്ത ദ്വീപിലെ കിളിയുടെ പളുങ്കുകൊട്ടാരം പോലെ
ഒന്നിന്റെ ഇടത്തേകണ്ണ്
മറ്റേയാളുടെ വാല്‍രോമങ്ങളില്‍ ചെമ്പന്‍കാടിടവിട്ട് പൂത്ത പോലെ
ബാക്കി രണ്ടെണ്ണത്തിനെയും ഒരു ദിവസം അനിമേറ്ററുടെ വീട്ടിലെ
പൂച്ചവാലന്‍ ചെടിയുടെ കീഴെ ആരോ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായിട്ടാണ് കേട്ടിട്ടുള്ളത്

അനിമേറ്റര്‍ക്ക് നോക്കി വരക്കാന്‍
ചെരിഞ്ഞും മലര്‍ന്നും കമിഴ്ന്നും കിടന്നുകൊടുക്കുന്ന നാല് പൂച്ചകള്‍
വാല് പിടിച്ച് ഇഷ്ടപ്രകാരം ചുരുട്ടി രോമങ്ങള്‍ ചീകിയൊതുക്കി
അനിമേറ്റര്‍ അവയെ വീട്ടിലും തൊടിയിലും
പല ദിക്കുകളിലിരുത്തിയും കിടത്തിയും വരച്ചൊപ്പിക്കൊണ്ടിരുന്നു
ഒരിക്കല്‍ മേശപ്പുറത്ത് കറുത്ത മഷിക്കുപ്പി തട്ടിമറിച്ചിട്ട കറുമ്പന്‍ പൂച്ചയെ
ചായം തേച്ച് കടലാസില്‍ അച്ചുകുത്തിയിട്ടുണ്ട് വരക്കാരന്‍


തങ്ങളുടെ ആകൃതിയെ പറ്റി പൂച്ചകള്‍ അനിമേറ്ററില്ലാത്ത നേരത്ത്
പരസ്പരം വല്ലാതെ ആശ്ചര്യപ്പെട്ടുകൊണ്ടിരുന്നുവത്രെ

മൂക്കിന്റെ സ്ഥാനത്ത് ത്രികോണം - സങ്കീര്‍ണമായ ശ്വാസചലനങ്ങളെ
മൂന്ന് വരകളില്‍ അടക്കം ചെയ്യുന്നതില്‍ അവര്‍ക്കെതിര്‍പ്പുണ്ടായിരുന്നു
കണ്ണുകള്‍ തെക്കോട്ടും വടക്കോട്ടും തിരിഞ്ഞിരിക്കുന്ന ബദാം കായകള്‍
മീശ വരക്കുമ്പോഴെല്ലാം വരക്കാരന്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചിരുന്നതായി പൂച്ചകളോര്‍ക്കുന്നു
അയാള്‍ ആ മീശയിലൂടെ എത്രയോ വട്ടം ഉറുമ്പുകളെ നടത്തിച്ചിട്ടുണ്ടാവും - പൂച്ചകള്‍ നെറ്റിച്ചുളിച്ചു

അനിമേറ്ററുടെ മരണശേഷം കറുത്തമഷിക്കുപ്പികള്‍
പായല്‍ നിറഞ്ഞ കുളം പോലെ വറ്റാന്‍ കാത്തുകിടന്നു
പ്രകാശമെത്താത്ത കുപ്പിയുടെ ഇരുള്‍ച്ചയിലേക്ക്
കാലുകള്‍ മുക്കി
പൂച്ചകള്‍ മേശവിരിയിലും കക്കൂസിലെ ഫ്‌ളഷ് ടാങ്കിലും അടുക്കളയിലെ സിങ്കിലും
കാല്‍പ്പാടുകള്‍ വരച്ച്
ഒപ്പീസ് പാടി നടന്നതായി പറഞ്ഞറിഞ്ഞു

നാല് പൂച്ചകളിലൂടെ പാഞ്ഞു നടന്നു വരച്ചുകൊണ്ടിരുന്ന
അനിമേറ്ററുടെ പ്രേതത്തിനെ കെട്ടഴിച്ചുവിടാന്‍
അയല്‍വീട്ടുകാര്‍ തീര്‍ച്ചയാക്കി
വിഷമൊഴിച്ച മീന്‍കൂട്ടാനും ചോറുമൂട്ടി
അവര്‍ പൂച്ചകളെ ചാക്കുകളിലാക്കി യാത്രയായി

……………………..


സമകാലിക മലയാളം ഓണപ്പതിപ്പ്, 2018, ഓഗസ്റ്റ് 20

Popular Posts