പലായനം ചെയ്യുന്നവര്‍
കന്നി എം
……………………..
മൂളലുകളില്‍ ഉറങ്ങുന്ന
ഒരു ശരാശരി സഞ്ചാരിയുടെ പാട്ട്.

പഴുതാരകളുടെ വളഞ്ഞുപുളഞ്ഞ
മെയ്പ്പാടുകള്‍
ചെമ്പോത്തിന് സ്വന്തമായില്ലാത്ത
ആംപ്ലിഫയര്‍
ഇങ്ങനെ രണ്ട് പാട്ടുകള്‍.
ഉറക്കത്തിന് മുന്‍പും പിന്‍പുമുള്ള
രണ്ട് കാലത്തിലും
ടിക്കറ്റില്ലാതെ യാത്രചെയ്യുന്നതില്‍
തകരാറില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക്
മാത്രം കേള്‍ക്കാവുന്നത്ര ഉചത്തില്‍
ഇവിടെ സുന്ദരനായ ജസ്റ്റിന്‍ ബീബര്‍ പാടുന്നു.

ചൂരല്‍ കസേരയുടെ
വിടവിലൂടെ വാലറ്റം കൊണ്ട് മിഴാവ്
വായിക്കുന്ന അണ്ണാന്‍ കുഞ്ഞുമായി അയാള്‍
ഒളിച്ചുകളിക്കുന്നു.

ജനലിലൂടെ നീണ്ടുവന്ന ബീന്‍സ് മണികളുടെ
പാട്ടുകളെ കേള്‍ക്കാന്‍
അയാള്‍ നിശബ്ദനാവുന്നു ഇടയ്ക്ക്.

മറ്റിടത്തരം പാട്ടുകളും പലരും
വഴിയിലാകെ പ്രക്ഷേപണം ചെയ്യുന്നു.

മൂക്കുവലിക്കുമ്പോഴത്തെ
ശൂ ശൂ
ശബ്ദം നിര്‍ത്തി സഞ്ചാരികള്‍
ബീബറെ വിട്ട് അണ്ണാറക്കണ്ണനെ ശ്രദ്ധിച്ചു.
അണ്ണാന്റെ പുറത്ത്
മൂന്നുവരകളില്‍
നൊട്ടേഷനുകള്‍ തൂങ്ങിക്കിടക്കുന്നു.

അതില്‍ നോക്കിപഠിച്ച് യാത്രയായ ശരാശരി സഞ്ചാരികള്‍
ലിപിയില്ലാതിരുന്ന
സ്വന്തം മൂളല്‍ക്കാലത്തെ
ഓര്‍ത്തെടുക്കാനാവാതെ കരഞ്ഞു.

വിരലുകളായി മുളച്ചുവന്ന കരച്ചില്‍,
വഴിയില്‍ പിയാനോ വായിച്ചുകൊണ്ടിരുന്ന
പാണ്ടകള്‍ക്കൊപ്പം ഒളിച്ചോടിപ്പോയി.
…………………………………

ശാന്തം മാസിക, 2017 ഒക്ടോബര്‍

Popular Posts