കിളിയോളം ദൂരത്ത്
കന്നി എം

തൊട്ടുമുന്‍പേ പോയ ഒരു കിളിയുടെ വേഗം അളന്നെടുക്കാനാവാതെ
പകുതിയില്‍ അസ്തമിച്ചുപോയൊരു പാട്ടിനെ
താളമിട്ട് മുറ്റത്തേക്ക് വിളിച്ചുവരുത്തി മുടികോതുമ്പോളവള്‍ നീട്ടിപ്പാടുന്നു

ആ പാട്ട് മുമ്പേ പോയ കിളിയുടെ വാലില്‍ ചെന്ന് മുട്ടിയിരുന്നെങ്കില്‍
വെള്ള കോറലുകുള്ള അതിന്റെ തവിട്ട് തൂവലുകള്‍ ഭൂമിയില്‍ അവളുടെ കൂടിന് മേല്‍ക്കൂര പണിതേനെ
ഉറക്കത്തില്‍ പുതപ്പായേനെ

പാട്ടിന്റെ ദൈര്‍ഘ്യം മുടിയുടെ നീളം പോലെയാണ്
ചെവിക്കിരുവശത്തേയും നീളം കുറഞ്ഞ മുടിയിഴയൊതുക്കുമ്പോള്‍ പാട്ടിന്റെ വരി ചെറുതായിരിക്കും
വിതുമ്പലിന്റെ വിരിവ് കുറഞ്ഞിരിക്കും
മൂക്കിന്‍തുമ്പില്‍ ചുവന്നചെമ്പരത്തികള്‍ മൊട്ടിടും

ഉദരത്തില്‍ നിന്നുറക്കമുണരാതെപോയ കുഞ്ഞുകിളിയുടെ ചിറകടി
അന്നേരം അവള്‍ കേട്ടെന്നിരിക്കും
അമ്മത്തൂവലുകള്‍ അപ്പോള്‍ വിരിഞ്ഞുമുറുകി പാട്ടിനെ ചുറ്റിപ്പിടിക്കും

കിളിയോളം ദൂരത്ത്
സ്വപ്‌നങ്ങള്‍ കെട്ടിത്തൂക്കിയിട്ട് അവള്‍ വാങ്ങിയോടിച്ചുനോക്കിയ
അതേ കളിവണ്ടി പോലൊന്ന്
അയല്‍വീട്ടിലെ കുട്ടിയുടെ മുറിയില്‍ വെളിച്ചം ചീറ്റിച്ചോടുന്നു

പാട്ട് കിളിയെ തേടിപ്പോയ നേരത്തവള്‍
മുടികെട്ടിവെച്ച് ഉറങ്ങാന്‍ കിടന്നു
പറക്കാനാവാത്ത കിളികള്‍ ഏതകലത്തായിരിക്കും ഉറങ്ങുന്നുണ്ടാവുക
എന്നവള്‍ സങ്കടപ്പെട്ടുകൊണ്ടിരുന്നു
………………………

ഡിസംബര്‍ 16 2019

Popular Posts