സമരാവിഷ്‌ക്കാരം
കന്നി എം
.............
ഇന്ന് വൈകുന്നേരം വരെ
ആ തുമ്പികള്‍
ചില്ലിടിച്ച് തകര്‍ത്ത്
പുറത്തുകടക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.
താഴെ ഞങ്ങള്‍
പാര്‍ശ്വവല്‍കൃതരുടെ ഭൂമി
എന്ന നാടകം പരിശീലിക്കുകയാണ്.
മുകളില്‍ ത്രികോണഗോപുരത്തിലെ
ചില്ലില്‍ ചിറകുരസി
സ്ഖലിതരാവുന്ന പ്രാണികളെന്ന് കൂട്ടത്തിലൊരാള്‍ പറയുന്നു.
ഉച്ചയ്ക്ക് കൊണ്ടുവന്ന വറുത്ത മത്തി
എന്നേക്കാളും
നായികയേക്കാളും
കരിഞ്ഞ് കറുത്തിട്ടാണെന്ന്
നായകന്‍ ചേട്ടന്‍.
വെളുത്ത പൂച്ചകള്‍ എത്ര ഭേദമാണ്.
അവയുടെ വെളുത്ത വാല്‍രോമങ്ങള്‍
കറുത്തചായത്തില്‍ മുക്കിയുണക്കിയെടുത്ത്
കുളിക്കാന്‍ വിടാതെ വളര്‍ത്തുകയാണ് വേണ്ടതെന്ന് തോന്നും.
വെളുത്ത തവളകളുടെ പുറത്ത് കയറിപ്പോവുന്ന
കരിന്തേളുകള്‍
പത്മരാജന്റെ തൂവാനത്തുമ്പികളോര്‍ക്കുമ്പോഴേ
കുളിര്‍ന്നുടഞ്ഞുപോയ് ചോറിന്‍കട്ടകള്‍.

ടര്‍ര്‍ര്‍ ടര്‍ര്‍ര്‍ എന്ന തുമ്പികള്‍

അഞ്ജലി, തോമസ്, പ്രഭാകരന്‍,
മൊയ്തുട്ടി, കല്യാണി, ചീരു,
കണ്‍മണി,പാത്തുകുഞ്ഞി,
ഗോസാല്‍വസ് എന്നൊക്കെ പേരുകള്‍.

വൈകുന്നേരത്തിനിടെ
പലതവണ എന്നെ കൊല്ലുന്നുണ്ട്.
ചില്ലിലിടിച്ച് മടുത്ത് ചത്തേക്കാമെന്ന് കരുതി
തുമ്പികള്‍ പലരും നിലത്ത് വീഴുന്നുമുണ്ട്.
രംഗങ്ങള്‍ കുറവായതിനാല്‍
ധാരാളം സമയമുള്ള ഞാനതുങ്ങളെ
ചെറു കുഴികളെടുത്ത് പ്രാര്‍ത്ഥന ചൊല്ലി സംസ്‌കരിച്ചു.
ഉടയാതിരിക്കണമെന്ന ഉടമ്പടിമേല്‍
തുമ്പികളുടെ തലമുട്ടിക്കല്‍ സമരം.
ചിറക് ഇടറുമ്പോഴത്തെ ഇരമ്പല്‍
ചില്ലിനുള്ളിലെ ഏകാന്തതയുടെ
ഞരമ്പുകളില്‍ രോമാഞ്ചമുണ്ടാക്കുന്നുണ്ടാവണം.

മറ്റൊന്ന്
പ്രണയരംഗങ്ങള്‍ കാണാന്‍
തുമ്പികള്‍ ചിറകുകള്‍ ഊരി
കക്ഷത്തുപിടിച്ച്
താഴെ നിഴലില്‍ കെട്ടിപ്പിടിച്ചിരുന്നതായും കാണാം.

ആ ദിവസത്തെ അവസാനത്തെ
മരണവും ഉയിര്‍പ്പും കഴിഞ്ഞ്
ഒരു ഗ്ലാസ് വെള്ളം കുടിക്കാനെടുത്തു.
തലമുട്ടിച്ച് മടുത്ത അവസാനതുമ്പി
ബ്ലും
എന്ന് വെള്ളം തെറിപ്പിച്ചു.

കടലിനടിയില്‍
മുങ്ങിക്കപ്പലുകളെ മേച്ചുനടന്ന
ചെക്കന്‍ എന്നൊരു സിനിമാക്കഥ.
ചെറുകപ്പലുകളുടെ ചൂളംവിളി ചിറകുകളില്‍.

പാട്ടില്ലാത്തവര്‍ക്കുള്ള പുരസ്‌കാരത്തിനായി
ഞങ്ങളീ നാടകം അങ്ങോട്ടേക്കയക്കുന്നു
വന്ന് കാണണം.
..........................................

പച്ചക്കുതിര,2017 ഒക്ടോബര്‍

Popular Posts