ലിവിങ് ടുഗേതര്‍
- കന്നി എം
………………


ഞാനൊരു വീടുപണിക്കാരനാണ്.
അവര്‍ക്ക് വേണ്ടത് രണ്ടേ രണ്ട് ജനലുകളുള്ള ഒരു വീടാണത്രെ.
ആ രണ്ടുപേര്‍ക്ക് രണ്ടിലധികം ജനലുകള്‍
വേണ്ടെന്ന് എനിക്കും തോന്നി.

ഉമ്മറത്തൊരെണ്ണം ആയാല്‍
വാതിലിന്റെ റെറ്റിനയിലത്
താങ്ങാവുന്നതിലധികം തലതിരിഞ്ഞ വഴിപ്പോക്കരുടെ
പ്രതിബിംബം പതിപ്പിച്ചെങ്കിലോ.
വീട് പണിതുകൊടുക്കേണ്ടയാളിത്രമേല്‍
വീട്ടുകാരുടെ സ്വകാര്യത ഗൗനിക്കേണ്ടതില്ലായിരിക്കുമല്ലേ

 


അവര്‍ ആനകളിക്കുന്ന കിടപ്പറയില്‍
ഇലയേ
പൂവേ
തളിരേ
കുളിരേ
ചെക്കാ
കണ്‍മണീയെന്നാര്‍ത്തുവിളിക്കുമായിരിക്കുമാ ജനല്‍

കാപ്പിയുടെ
തവിട്ടുതിളയൊച്ച
കിളിയേ
കിണറേ
പപ്പടം കാച്ചുമ്പോഴത്തെ
പൊള്ളിച്ചകള്‍
നീയേ ഞാനേ
അകമേ പുറമേ
മീന്‍ പൊരിക്കുമ്പോള്‍
പൂച്ചേ
കടലേ
എന്നെല്ലാം ഗദ്ഗദപ്പെടുമായിരിക്കും
അടുക്കളയിലെ ജനല്‍.

അവര്‍ കുഞ്ഞുങ്ങളുമാണ്
അവരുടെ കരച്ചിലും വിളിയും ആ ജനല്‍ക്കമ്പിയില്‍
പറ്റിപ്പിടിച്ചിരുന്നുപോയാലോ എന്നൊരു പേടി

കാക്കേ
നീയാ കാക്കപ്പൊന്നിന്‍ മലയിടുക്കില്‍ ഒളിക്കാതിങ്ങ് വാ
ഉറുമ്പേ
നീയാ കുഴിയാനകളുടെ പടുതിയില്‍ വീണുറങ്ങാതിങ്ങ് വാ
കുയിലേ
നീയാ പുള്ളിച്ചിറകില്‍ ആരെക്കൊണ്ട് അച്ചുകുത്തിച്ചെന്ന് പറ
പറഞ്ഞുപറഞ്ഞുപാടങ്ങനെ പാട്ടുകളെന്ന്
അറിയാതെ ഉള്ളില്‍ പാടിയുംപോയി.

മുകള്‍നിലയിലെ മുറികളില്‍
ആകാശത്തെ നിറച്ചുതരണമേയെന്ന് അവരെന്നോട് ആവശ്യപ്പെട്ടിരുന്നു
ഞാനീ കിണറുവക്കത്തിരുന്ന്
ആകാശമേ ആകാശമേ
എന്ന് പ്രാര്‍ത്ഥിച്ച്
കശുമാവിന്‍ചില്ലകളോടൊപ്പം
വയലറ്റ് നിറമാര്‍ന്ന സന്ധ്യാകാശത്തെ
മുകള്‍നിലയില്‍ വാടകയ്ക്കിരുത്തേണ്ടിവരും.

കാറ്റിനോട് ചോദിക്കാതെങ്ങനെ
അതിന്റെ വാതിലുകളുടെ താക്കോല്‍ കണ്ടെടുക്കുമെന്ന് വീടിന് പരിഭവം

ഉള്ള ഉടലും ഉള്ള പ്രാണനും ഉള്ള കാറ്റും മതിയെന്നുറപ്പിച്ചവരാണ്
അതിനാല്‍
രണ്ടേ രണ്ടു ജനലുകളിലൂടെ
രണ്ടേ രണ്ടു ജോഡി കണ്ണുകള്‍
എന്ന് വാര്‍ത്തുകൊടുത്തു ആ വീട്.

 

തോര്‍ച്ച, ആഗസ്റ്റ് / സെപ്തംബര്‍ 2019

Popular Posts