പുര പൊളിച്ച് പടിയിറങ്ങിപ്പോയ കാട്
- കന്നി എം
……………………………………..
വെറുതെ കിട്ടിയ ഒരു കാട്ടുകിഴങ്ങിന്റെ
വിത്ത് നട്ടിരുന്നു വീട്ടില്‍
പിണങ്ങിയില്ല, പൊടിച്ചുവിടര്‍ന്നു
കാട്ടിലെ കാറ്റ് വീടിന്റെ ചില്ലകള്‍ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു

കാലം പോയി
വീടിന്റെ ചില്ലകള്‍
ചിലതുണങ്ങി, ചിലേടത്ത് ചെനച്ചം പൊട്ടി

ഞാന്‍ കിഴങ്ങിന്റെ മൂട് മാന്തിത്തുടങ്ങി
മീശയും രോമവുമുള്ള കിഴങ്ങിന്റെ തല കണ്ടു
കിഴങ്ങിനറ്റമെവിടെ
ആ നാരുകളിലൂടെ കിഴങ്ങിനകത്തു കയറിക്കൂടി

പണ്ട് വിത്ത് തന്നയാള്‍ കൈ പിടിച്ചു നടത്തിക്കാന്‍ തുടങ്ങി
അയാളുടെ കറുത്തുമെലിഞ്ഞ ബലിഷ്ഠമായ കൈകള്‍
കപ്പലിന്റെ പായ് പോലെ നയിച്ചു

മരത്തിന്റെ വേരുകളെ പോലെ പല ദിക്കിലേക്ക് നടന്നു
എന്റെ വീട്ടിലെ പ്ലാവിന്റെ അമ്മത്തൈയ്യിനെ കണ്ടു
എന്റെയമ്മ കുഞ്ഞുപുള്ളിയുടുപ്പിട്ട് കൊച്ചംകുത്തുന്നത് കണ്ടു
അച്ഛനെ അച്ഛമ്മ മുലയൂട്ടുന്നത് കണ്ടു

കിഴങ്ങിനറ്റമെവിടെ

ഇപ്പോഴത്തെ എന്റെ വീടിന്റെ മുകളിലേക്ക്
ഒരു കുളം ഇരിക്കക്കുത്തനെ വീഴുന്നു
മുറ്റത്തെ വെസ്പ പെരിക്കാലനട്ടയാവുന്നു
കാര്‍ പായല്‍തുണയുള്ള പാറക്കൂട്ടങ്ങള്‍

ഞാന്‍ വിയര്‍ത്തു
കിഴങ്ങിനറ്റമെവിടെ

അകലെ തീ കൂട്ടിയിരിക്കുന്നതിന്റെ ചൂടില്‍
വിയര്‍പ്പ് പുതിയ വാതിലുകള്‍ തീര്‍ത്തുകൊണ്ടിരുന്നു
ആരൊക്കെയോ
പഴയ ചിലര്‍
അവിടെയിരിക്കുന്നത് കണ്ടു
തിന്നുന്നു കുടിക്കുന്നു ഭോഗിക്കുന്നു പാടുന്നു ചുവടുവെയ്ക്കുന്നു
എനിക്കറച്ചു
ഞാന്‍ പൊലീസിനെ വിളിക്കാന്‍
ഫോണ്‍ തപ്പി,
ഫോണെടുത്തിട്ടില്ലായിരുന്നു

കൈ പിടിച്ചിരുന്നയാള്‍ എന്നെനോക്കിചിരിച്ചു
അയാളെന്നെ തള്ളിപ്പുറത്തേക്കിട്ടു

അവധിക്കാലം ഉല്ലാസകരമാക്കാന്‍ വേണ്ടിയോ എന്തോ
മൂടൊടെ പിഴുതിട്ട കിഴങ്ങിനറ്റം കാണാന്‍
ചിതലുകള്‍ പുറപ്പെടുകയായി.

 ……………………………………………………………

 ദേശാഭിമാനി വാരിക, 3 ഫെബ്രുവരി 2019

Popular Posts