ഫൈനല്‍ കട്ട് പ്രോ
- കന്നി എം
.................

ഒക്കത്തിരുന്ന്
നനുത്ത കൈപ്പത്തികള്‍ കൊണ്ട്
മാറില്‍ കോറിവരയ്ക്കുന്ന കുഞ്ഞ്
കുഞ്ഞിനെ പേടിപ്പിച്ചൊക്കത്ത് കയറ്റിയ
പാറ്റകള്‍
വളഞ്ഞ് കണ്ണില്‍ കുത്തുന്ന കണ്‍പീലി
ചുമരിലെ പല്ലിയെ തല്ലാനോങ്ങിയ കുഞ്ഞികൈകള്‍ തട്ടി
അഴിഞ്ഞ തലമുടിയാല്‍ ഉഷ്ണഭരിതമായ ഉച്ചകള്‍
കുറ്റിയടര്‍ന്ന ജനല്‍
ഏതാണ്ടൊരു നീലയിലേതാണ്ടൊക്കെയോ
വെളുത്ത ഭാരങ്ങള്‍

വിവര്‍ത്തനം:

ഒക്കത്തിരുന്ന് കാക്കേ പൂച്ചേ
കേട്ടിട്ടന്തമില്ലാതെ ചിരിക്കുന്ന കുഞ്ഞ്
2bhk ഫ്‌ളാറ്റ് തേടിയിറങ്ങിയ പാറ്റയെ
തന്റെ കളിപ്പാട്ടക്കൊട്ടയിലേക്കോ തൊട്ടിലിലേക്കോ
പറഞ്ഞുവിടുന്നതാവണം
കുഞ്ഞുവിരലുകളുടെ പരതലും
ആന്റിനയുടെ ചലനവും
ചിലത് വിനിമയം ചെയ്യുന്നു
ഈച്ച വന്നിരുന്ന് ഒടിഞ്ഞുപോയൊരു
കണ്‍പീലി
ചുമരിലെ പല്ലിയോട് കുഞ്ഞൊരു രഹസ്യം
പറയാന്‍ കൈവീശിയതും
അതിലൊരു സിഗ്നല്‍ അമ്മയുടെ മുടിയില്‍ തടഞ്ഞതുമാണ്
അമ്മയുടെ മുടിയഴിച്ചിടാന്‍ കുഞ്ഞിന് തോന്നിയിട്ടല്ല
ഒരു കാറ്റിനുപോലും തുറക്കാവുന്ന
തരത്തില്‍ വിജാഗിരിയെ നിയന്ത്രിക്കാനൊരു
ലെവല്‍ ക്രോസില്ലാത്ത ഉറുമ്പുതീവണ്ടികളുടെ
ജനല്‍ചതുരങ്ങള്‍
ആകാശത്ത് പശുവിന്‍ തലയുള്ള മേഘം


(ഫൈനല്‍ കട്ട് പ്രോ - എഫ് സി പി , വിഷ്വല്‍ എഡിറ്റിങ്ങിനുപയോഗിക്കുന്ന സോഫ്‌റ്റ് വെയര്)

……………………………………………………..

മാധ്യമം ആഴ്ചപ്പതിപ്പ് 2017 ജൂലൈ 17

 

Popular Posts