വീഴുന്നതിന് മുന്‍പ്
കന്നി എം
...................

ഈ വണ്ടിയിലിരിക്കുമ്പോള്‍
അഴിച്ചുവിട്ട നമ്മുടെ മലനിരകളെ കാണാം
അകലെ പച്ചയിരുട്ടുപിടിച്ച അതിന്റെ അരികുകള്‍
ആകാശത്തുനിന്ന് രഹസ്യച്ചാലുകള്‍ കീറിയ മഴപ്പാതകള്‍

ഈ വണ്ടിയിലിരിക്കുമ്പോള്‍
ഇരുവശത്തേക്കും നോക്കി വിയര്‍ക്കുന്ന നദിയും കാണാം

നമ്മുടെ വീട്ടിലെ കിണര്‍, നിന്റെ വീഴ്ചയുടെ മുഴക്കം.
ചിരവയുടെ അറ്റത്ത് അടര്‍ന്നുപറ്റിപ്പിടിച്ച നിന്റെ
വിരലറ്റത്തെ തൊലി ഉറുമ്പുതിന്നുന്നതും നോക്കി
ഇരുപത്തിനാല് അറകളില്‍ കരഞ്ഞുകിടന്നതിന്റെ കിതപ്പിലാണ്
ഇപ്പോഴീ വണ്ടി


നിന്റെ ശ്വാസം തിന്നുവീര്‍ത്ത കിണറിനെ
പൊക്കിക്കാണിക്കുന്നു ആ മലനിരകള്‍
അവ അതിനെയുമെടുത്ത് വണ്ടിക്കൊപ്പം ഒഴുകിവരുന്നു
ഈ വണ്ടിയിലിരിക്കുമ്പോള്‍
ഞാന്‍ നിന്നെ വീണ്ടും കാണുന്നു
മലയോളം കനപ്പെട്ട ജീവിതം കാണുന്നു

നീ വീഴുമ്പോള്‍ ഇഷ്ടിക അടര്‍ന്ന് സങ്കടം കൊണ്ട് കോടിപ്പോയ കിണര്‍
അഴിച്ചുവിട്ട, ഒഴുകിനടക്കുന്ന മലയില്‍ നിന്ന്
താഴേക്ക് ചാടി മരിക്കുന്നത് വണ്ടിയിലിരുന്നെനിക്ക് കാണാം.

ഈ വണ്ടിയിലിരിക്കുമ്പോള്‍
അഴിച്ചുവിട്ട നമ്മുടെ മലനിരകളെ കാണാം
ഈ വണ്ടിയിലിരിക്കുമ്പോള്‍
ഇരുവശത്തേക്കും നോക്കി വിയര്‍ക്കുന്ന നദിയും കാണാം
അടുത്തയാഴം നോക്കി ഞാനുമിരിക്കുകയാണ്
................

ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2018 സെപ്തംബര്‍ 22

Popular Posts