ആര്‍ത്തവ ഡയറി

കന്നി എം

...........

ഉണര്‍ച്ചയിലൊന്നാം തെരുവ് ഒന്നാം മണിക്കൂര്‍

മൂത്രമൊഴിക്കുമ്പോള്‍ ചുവന്ന ഈച്ചകളുടെ വീടെന്ന്

 

കിടപ്പുമുറി, ചെരിഞ്ഞുനില്‍ക്കുന്ന കലണ്ടര്‍

വേദനയുടെ മൂന്നാം മണിക്കൂര്‍

ചുവന്ന ഭൂപടത്തില്‍ നനഞ്ഞ വിഷാദത്തിന്റെ

പൊട്ടിയ രക്തക്കുഴലുകള്‍ അതിരിടുന്നു

 

അടുക്കളയ്ക്കും മുമ്പത്തെ തെരുവ്

കുളിക്കുമ്പോള്‍ കാലിലൂടെ കിളിര്‍ക്കുന്നു

ചീരത്തണ്ടുകളിലകള്‍

 

റോഡ് ഓഫിസ്

ഇരിപ്പിടങ്ങള്‍ നടപ്പ്

നെട്ടോട്ടങ്ങള്‍ നോട്ടങ്ങള്‍

തിരക്കുള്ള നട്ടുച്ചമണിക്കൂറുകള്‍

കുനിയുമ്പോഴെല്ലാം ഒരു തുള്ളി ഞാനെങ്ങാനും ഒഴുകിയിറങ്ങി

ഉടുപ്പ് നനയ്ക്കുമോയെന്ന തോന്നല്‍

 

 

ഭക്ഷണമേശ, മരിച്ച രുചിമുകുളങ്ങളുടെ തെരുവ്

ഉണക്കം പറ്റിയ ഇലകളുടെ

കൊഴുത്ത ചാറ് വായില്‍

 

 

ഛര്‍ദ്ദിയുടെ മണിക്കൂര്‍

ചൂടുവെള്ളസഞ്ചി

അടിവയറ്റില്‍ ആയിരം തേളുകള്‍ നൃത്തംവെക്കുന്നു

 

ഞണ്ടുകള്‍ ഇറുക്കിവലിക്കുന്നു

കാലിലെ പേശികളില്‍

ക്രിംസണ്‍ നിറമുള്ള അവയുടെ പുറംതോടില്‍

തലോടി പിടിത്തമയക്കാന്‍ ശ്രമിക്കുന്നു

 

 

വീട്

ചെന്നുപറ്റാനാവുന്ന അവസാനതെരുവ്

ഉറക്കമൊരു വരയന്‍കുതിരയെപ്പോലെ

താഴ് വാരമിറങ്ങിവന്ന കാറ്റിനൊപ്പം

കറുപ്പ് വെളുപ്പ് വരകള്‍ പട്ടത്തിന്റെ വാലുകണക്കെ

വീശിപറപ്പിക്കുന്നു.

 

സ്വപ്‌നത്തിലൊരുകുളത്തില്‍

റോസ് നിറമുള്ള താമരയിതളുകള്‍ ഞാന്‍

താമരവള്ളിയില്‍ ഇഴഞ്ഞുചുറ്റുന്ന ഒരു പാമ്പ്

പതിയെ മഴപെയ്യാന്‍ തുടങ്ങുകയും

ഉടലിനെ വിട്ട് പാമ്പ് കുളത്തിലേക്ക്

മുങ്ങാങ്കുഴിയിടുകയും ചെയ്യുന്നു.

 

പിന്നിയിട്ട മുടിയിഴകള്‍ പാമ്പുകളെ പോലെ

ഉറക്കത്തില്‍ ദേഹത്ത് ചുറ്റിപ്പിണഞ്ഞിരുന്നു.

…………………………………………………….

സമകാലിക മലയാളം, ഫെബ്രുവരി 19, 2018

Popular Posts