പൂജ്യത്തിന്മേല്‍ നൃത്തം വെക്കുന്നവള്‍
കന്നി എം
……………………………


വലിയ പിയാനോയ്ക്ക് മുകളില്‍ ഒരു ബാലെ നര്‍ത്തകി
കത്തിമുന പിടിപ്പിച്ച ഷൂസുകള്‍ മാത്രമാണവളുടെ ചിലങ്ക
ഇരുട്ടില്‍ അവളുടെ ചുവടുകളുടെ രാജ്യാതിര്‍ത്തികളെ മാത്രം
ചുറ്റിപ്പറ്റി നടക്കുന്ന പൂച്ച - വെളിച്ചത്തിന്റെ ഒരു വൃത്തം

അവളീ ഭൂമിയെ കാണുന്നത് കത്തിമുനയുടെ അറ്റത്തുനിന്ന് ശേഖരിക്കുന്ന
ഓരോയിറ്റു നിമിഷങ്ങളിലൂടെയാണ്
പൊടുന്നനെയുള്ള ചലനത്തില്‍ അവളുടെ വിയര്‍പ്പ് തെറിച്ചുവന്ന്

എന്റെ തൊണ്ടക്കുഴിയിലെ തടാകത്തില്‍ നീലവര വരച്ചു.
നോക്കിനില്‍ക്കേ
അവളുടെ സദാ ചലിക്കുന്ന വിരലറ്റങ്ങള്‍
ഞങ്ങളുടെ മനസില്‍ ഭയത്തെ പറച്ചെണ്ടയുടെ താളത്തിലേക്ക് മാറ്റിനടുന്നതായി തോന്നി

ഇളം റോസ് നിറമുള്ള അവളുടെ ഉടയാടകളുടെ നേര്‍പ്പിലൂടെ
ഞങ്ങളുടെ നോട്ടത്തിന്റെ ദിശ പലയിടങ്ങളിലേക്ക് ചിതറിപരക്കുന്നുണ്ടായിരുന്നു
ചുവന്ന പരവതാനി അവളുടെ ഉള്ളിലെ കടല്‍ തന്നെ
കത്തിയുടെ തിളക്കം അവളുടെ ഉടലിനെ ചീത്ത പറഞ്ഞുകൊണ്ടേയിരിക്കുന്നു
കത്തി ഇടയുന്നുണ്ടെന്ന് തോന്നുമ്പോഴെല്ലാം
അവള്‍ ഒഴിയാത്ത ഓളങ്ങളുടെ അമ്മയായി അരക്കെട്ടിനെ മാറ്റിക്കളയും
അവളുടെ ശ്വാസം ഞങ്ങളുടെ ചുണ്ടില്‍ ഉപ്പ് പുരട്ടി കടന്നുപോയി
ആ ചൂടത്ത് ഉപ്പുനുണഞ്ഞ് ഞങ്ങളെല്ലാം കണ്ടുനിന്നു

വായുവിനെ നീന്തിക്കടന്ന്
ക്ഷോഭത്തിന്റെ തുമ്പത്ത്
അവളൊരു ശില്‍പ്പം പോലൊളിക്കുന്നു
മുഖത്തെ ഭയത്തിന് കൂട്ടുകിടക്കാന്‍
കൈകള്‍ക്കൊപ്പം വിരിയാനും വഴങ്ങാനും ബദ്ധപ്പെടുന്ന അവളുടെ ചെറിയ മുലകള്‍
ചെവികളില്‍ തൂങ്ങിയാടുന്ന കമ്മലിണകള്‍ - പൂച്ചക്കണ്ണുകള്‍

ഇരുട്ട് മാത്രം ഒച്ച വെച്ചുകൊണ്ടിരുന്ന ഒരു മുറിയില്‍
നര്‍ത്തകി ഇടയ്ക്കിടെ വേദനകൊണ്ടെന്ന പോലെ അലറുന്നുണ്ട്
ഉച്ചസ്ഥായിലിലെത്തുന്ന അവളുടെ നെഞ്ചുരുക്കങ്ങളെ അറിഞ്ഞിട്ടെന്നവണ്ണം
ആ പിയാനോയുടെ കറുത്ത പ്രതലം കത്തിമുനയുടെ കളംപാട്ടില്‍ വേദനയറ്റ് കിടന്നു
വലിയ ശബ്ദത്തില്‍ അവള്‍ കത്തി നിലത്ത് കുത്തിയിറക്കി നടക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം
കണ്ടു നിന്ന ഞങ്ങളുടെ തുടകളില്‍
ധൈര്യമൊഴിഞ്ഞുപോയ തുളകളിലൂടെ വിയര്‍പ്പ് പിന്നെയും വിലാസം പുതുക്കി

പത്തുവിരലറ്റങ്ങളില്‍ നിന്ന് ഉന്മാദനൃത്തം ചവിട്ടുന്ന പെണ്‍കുട്ടീ..
ആരോടാണ് നിന്റെ കലഹം
നിന്റെ വിലങ്ങുകളഴിഞ്ഞുപോയോ എന്ന ഭയത്തില്‍
ഞങ്ങള്‍ കൈകള്‍ കോര്‍ത്തുപിടിച്ചുനിന്നു.

വലിയ ശബ്ദത്തില്‍
കത്തി പിയാനോ തട്ടില്‍ വന്യമായി കരഞ്ഞുകൊണ്ടിരുന്നു
നൃത്തം ചെയ്യാനാവാത്തതിന്റെ വേദനയില്‍
നര്‍ത്തകി മരിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്നു
ഒടുവില്‍ അത്യുച്ചത്തിലൊരു അലര്‍ച്ചയോടെ
പെണ്‍കുട്ടി
കത്തിമുനയോടുള്ള സംവാദം മതിയാക്കി
കൈകള്‍ നിലത്താഞ്ഞുകുത്തി നിന്നു

നൃത്തത്തിനിടെ അവള്‍ കാലുകള്‍ നീട്ടി
കാണികളായ ഞങ്ങളുടെ കഴുത്തുകള്‍ അരിഞ്ഞുവീഴ്ത്തിയില്ലല്ലോ
എന്ന സമാധാനമാണ് ആകെ ബാക്കിയായത്
…………………………….
* 2016 കൊച്ചി മുസിരിസ് ബിനാലെയില്‍ ഹാവിയര്‍ പെരേസിന്റെ 'എന്‍ പുന്റാസ്' എന്ന വീഡിയോ ഇന്‍സ്റ്റലേഷന്‍ ഓര്‍ത്ത് എഴുതിയത്. രാജകീയ തിയറ്റര്‍ ഹാളില്‍ കത്തികള്‍ ഘടിപ്പിച്ച ഷൂസിട്ട ഒരു ബാലെ നര്‍ത്തകിയുടെ ചലനങ്ങളെ ദൃശ്യവല്‍ക്കരിക്കുകയായിരുന്നു ആ പ്രതിഷ്ഠാപനത്തിലൂടെ പെരേസ് ചെയ്തത്.
………………………………………………….
ഐ ഇ മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മെയ് 9, 2019


Popular Posts