ചാര നിറമുള്ളമൊരാള്‍ ചുവന്ന പൊട്ടുകുത്തുന്നു 

 കന്നി എം 

......................

 

 

 തലേന്ന് കോഴിമുട്ട കഴിച്ചതുകൊണ്ടാണ്

 ഇന്ന് മുഖക്കുരു പൊന്തിയത്.

 തടിച്ച കവിളുകളുള്ളവര്‍ക്ക് മുഖക്കുരു വരുന്നത്

 തെച്ചിപ്പൂങ്കുലകൊണ്ടു അച്ചുകുത്തിയതുപോലെയാണ്.

 അത് വെളുത്ത തൊലിയുള്ളവര്‍ക്കല്ലേ

 മറ്റുള്ളവര്‍ക്കത് എണ്ണയില്‍ പൊട്ടിത്തീര്‍ന്ന കടുകുതീരം.

 

 പാവാട നല്ലവണ്ണം കുടഞ്ഞ്

 ഓരോ ഞൊറിയിലും നായ്ക്കുരണപ്പൊടി വിതറി

 ശരിയായി മടക്കിവെക്കണം.

 അടുത്തവട്ടം പൂരത്തിന് പോവുമ്പോള്‍

 വിദ്യാ ബാലനെ പോലെ സാരി അവതാറില്‍ മിന്നണം.

 

 പതിനഞ്ച് മിനിട്ട് മുമ്പിട്ട ഫേസ് പാക് കഴുകി കളയുമ്പോഴേക്കും

 ഇട്ടുവെച്ചിരുന്ന ചായ തണുത്തു.

 രണ്ടാമതൊന്ന് ചൂടാക്കിതരാനാരുമില്ലെന്നറിയാവുന്നതിനാല്‍

 ചായ കുടിച്ചു ചത്ത കുനിയനുറുമ്പിനെ പുറത്തെടുത്ത് ജനലിലൂടെ തെറിപ്പിച്ചു.

 

 നമ്മള്‍ കുറേ നേരത്തേ പരിചയപെടേണ്ടിയിരുന്നുവെന്ന് കുശലം പറഞ്ഞ

 അയല്‍ഫ്‌ളാറ്റുകാരന്‍ ചേട്ടന്‍ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന വഴി 

 വണ്ടിയിടിച്ചു കയ്യൊടിഞ്ഞത് സ്വപ്‌നം കണ്ടു കൈകൊട്ടി ചിരിച്ച് 

 ഇവിടെ ഇതൊന്ന് പറഞ്ഞ് ചിരിക്കാനാരുമില്ലേയെന്നോര്‍ത്ത്

സ്വപ്‌നത്തില്‍ വരെ  മറ്റു പെണ്ണുങ്ങളെ ടാഗ് ചെയ്യാന്‍ മുതിരുന്നു.

 

 പെട്ടെന്ന് വൈദ്യുതിലൈനില്‍ തൂങ്ങിയ വവ്വാലിന്റെ

 വെപ്രാളത്തില്‍ കറണ്ട് പോവുകയും

 ലെവല്‍ രണ്ടില്‍ ഡ്യൂട്ടിക്കായി പുറത്തേക്കിറങ്ങിയയാള്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോവുകയും ചെയ്യുന്നുണ്ടാവും.

 ചുവന്ന സാരിയുടുത്ത് ഒരാള്‍ പടികളിറങ്ങി പോകുന്നതയാള്‍ കണ്ടിരിക്കും.

 

 നിലച്ചുപോയ സ്വപ്‌നത്തിന്റെ ബാക്കി സീനുകള്‍

 രാവിലെ പത്രക്കാരന്‍ പയ്യന്‍ വാതിലില്‍ തിരുകും.

 

 ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

 പിറ്റേന്നത്തെ പൂരത്തിന് പോവാന്‍ സാരി ഇസ്തിരിയിട്ടുവെച്ചിട്ടുണ്ട്.

 രാവിലേക്കായി അപ്പത്തിന്റെ മാവ് പുളിക്കാന്‍ വെച്ചിട്ടുണ്ട്.

 ചീര നനുനനുയെന്നരിഞ്ഞുവെച്ചിട്ടുണ്ട്.

 സ്‌കെച്ച് ബുക്കില്‍ മദപ്പാടുള്ള ആനകളുടെ തുമ്പിക്കൈകള്‍.

 ലക്കുകെട്ടു രാത്രിയുടെ കൂവലുകള്‍.

…………………….

മാധ്യമം ആഴ്ചപ്പതിപ്പ് 2017, നവംബര്‍ 20

Popular Posts