തോറ്റു തൊപ്പിയിട്ട തീവണ്ടി
കന്നി എം
.............

പപ്പായത്തണ്ടില്‍ ദ്വാരമിട്ട്
കുഴലൂതിയിരുന്നയൊരാളെ
ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടതോര്‍ക്കുന്നു.
കുഴലൂത്ത് നിര്‍ത്തി ഇടയ്ക്കയാള്‍ പാടുകയും ചെയ്യും

പാടുമ്പോഴയാളുടെ കണ്ണുകളുടെ അറ്റങ്ങള്‍ പിടഞ്ഞുകൊണ്ടിരുന്നു
ഇനിയും ഋതുമതിയായിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ പാദസരത്തില്‍
പാവാടഞൊറികള്‍ തൊട്ടുമുത്തുന്നു
ഇതു രണ്ടും ഒരേ താളത്തില്‍ സംഭവിച്ചുപോവുന്നതാവും
വിരലിലും ചുണ്ടിലും ജപമണി കൊരുന്നുകിടക്കുന്നയാള്‍ക്കും
പാട്ടൊരു ശല്യമല്ലെന്ന് തോന്നിച്ചു
അയാളുടെ പാട്ടിന്റെ വിരലുകള്‍ ജനല്‍ക്കമ്പികളിലും തുടയിലും
ഞങ്ങളുടെ ശ്വാസത്തിലും ആരോഹണാവരോഹണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

യാത്രക്കാരെ പോലെ അനേക ദിക്കുകളില്‍ നിന്ന്
ഓടിപ്പാഞ്ഞുവന്നു സീറ്റു പിടിക്കുന്ന കാറ്റ്
അയാളുടെ സംഗീതത്തെ അലിയിച്ചെടുത്ത് മറ്റ് കംപാര്‍ട്ടുമെന്റുകളിലേക്കെത്തിക്കുന്നുണ്ടാവും.
ചിലപ്പോള്‍ താഴെ വയലിലെ പെണ്ണുങ്ങളുടെ കാതിലെ ഒറ്റക്കല്ലന്‍ കമ്മലില്‍ തിരുകികൊടുക്കുന്നുണ്ടാവും
ഗര്‍ഭത്തിലിരിക്കുന്ന ഒരു കുഞ്ഞെങ്കിലും തുള്ളിക്കാണും.
പാടത്തെ ഒച്ചുകള്‍ അനക്കങ്ങളെ കുഴിച്ചിട്ട് അടയാളമാക്കി വച്ചിട്ടുപോയ നെല്‍ച്ചെടിയെ
തേടുന്ന നേരമാവാം അത്
വെയിലത്ത് പറ്റെ വാടി കിടക്കുന്ന ഒഴിഞ്ഞ പാടങ്ങളില്‍
കുട്ടികള്‍ പറത്തുന്ന പട്ടത്തില്‍ തട്ടിക്കൊഴിഞ്ഞ് പാട്ടതിന്റെ പാട്ടിന് പോവുന്നുമുണ്ടാവും

എക്‌സ്പ്രസ് വണ്ടി കടന്നുപോകാന്‍ കാത്തുകിടക്കുമ്പോള്‍
ഈ പാട്ട് നിര്‍ത്തരുതേയെന്ന് ആ തീവണ്ടിയാകെ
അയാളോട് ആവശ്യപ്പെട്ടിരിക്കും

സംഗീതം വായിച്ചുതീരുമ്പോഴത്തെ
കിതപ്പിന്റെ ചെമ്പരത്തികളെ നനച്ച് വിയര്‍പ്പിന്റെ കടലുകള്‍
അയാളുടെ കഴുത്തിലും നെഞ്ചിലും ഉരുവം കൊണ്ടു.

പായല്‍ തണുപ്പ് കിരുകിരുപ്പാര്‍ന്ന ശബ്ദത്തില്‍ പുകയൂതി വിയര്‍ക്കുന്നതും നോക്കി
ട്രാക്കിന്റെയോരത്തെ കൂടാരങ്ങളില്‍ നക്ഷത്രങ്ങളെ ചുട്ടുതിന്നുന്നവര്‍
ഞങ്ങളുടെ വണ്ടി കടന്നുപോകുമ്പോള്‍
തലനിവര്‍ത്തി നോക്കിയിട്ടുണ്ടാവും.

ഇരുട്ടിനെ പാളമാക്കി പാടിനടക്കുന്ന ആ തീവണ്ടിയെ നോക്കി
അയാളുടെ വെളിച്ചത്തിന്റെ രാഗങ്ങള്‍ ചെക്ക്‌മേറ്റ് എന്ന് പറയുന്നതായി
കേട്ടവരുണ്ട് ഞങ്ങള്‍ക്കിടയില്‍.

 

…………………………..

സ്ത്രീശബ്ദം മാസിക, 2018 മെയ്‌

 

 


Popular Posts